വെസ്റ്റേണ്‍ സിഡ്നി മലയാളി അസ്സോസിയേഷൻ (വെസ്മ) സങ്കടിപ്പിച്ച 2015 ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 29 നു Wentworthville - ൽ Redgum Function Centre - ൽ വച്ച് ഗംഭീരമായി നടന്നു. അറുനൂറിൽ കൂടുതൽ ആളുകൾ പങ്കെടുത്ത പരിപാടികൾ അവതരിപ്പിക്കാനായി നമ്മുടെ ഇടയിൽ നിന്നും നൂറിൽ കൂടുതൽ കലാകാരൻമാരും കലാകാരികളും അരങ്ങിലെത്തി. സെലിബ്രിറ്റികൾ ഇല്ലാത്ത ഒരോണം ആയിരുന്നു ഇക്കൊല്ലം വെസ്റ്റേണ്‍ സിഡ്നി മലയാളി അസ്സോസിയേഷന്.
ജെയിംസ് ചാക്കോയുടെ പ്രൌഡ ഗംഭീരമായ പരിചയപ്പെടുത്തലാണ് ഓണാഘോഷങ്ങളുടെ ആരംഭം കുറിച്ചത്. തമ്പി വർഗീസ് സദസ്യർക്ക് ഹൃദ്യമായ സ്വാഗതമേകിയതോടെ സാംസ്‌കാരിക പരിപാടികളുടെ തിരശ്ശീലയുയർന്നു. സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് വികാരി റവ. ഫാദർ ജോസഫ് കുന്നപ്പള്ളി ദീപാർച്ചന നടത്തി ഓണാഘോഷത്തിൻടെ വിജയത്തിനായി പ്രാർത്ഥിച്ചു.
പ്രശസ്ത കവിയും നടനുമൊക്കെയായ ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ പ്രണയത്തെ ക്കുറിച്ചുള്ള കവിത വളരെ സ്പുടതയോടും ശ്രോതാക്കൾക്ക് പ്രണയസ്മരണകൾ ഉണർത്തുന്ന ഇമ്പമാർന്ന സ്വരത്തിലും സീമ ബാല സുബ്രമണ്യം പാരായണം നടത്തി. പ്രണയിച്ചവര്ക്കും പ്രണയം മനസ്സിൽ കൊണ്ടു നടക്കുന്നവർക്കും നല്ലൊരു അനുഭവമായിരുന്നു സീമയുടെ കവിതാപാരായണം.
മഞ്ജു ടീച്ചറിന്റെ കീഴിൽ പഠിച്ചിറങ്ങിയ കുട്ടികളുടെതായി മൂന്ന് ഭരത നാട്യാവതരണങ്ങൾ ഉണ്ടായിരുന്നു. എല്ലാം തന്നെ ഒന്നിനൊന്നു മെച്ചപ്പെട്ടവയായിരുന്നു. എല്ലാ കുട്ടികളും നൈസർഗീകമായ ചുവടുവെപ്പുകളോടെ കാണികളുടെ മനം കവർന്നു. ബോളിവുഡ്, ക്ളാസ്സിക്കൽ, സെമി ക്ളാസ്സിക്കൽ തുടങ്ങി വ്യത്യസ്ഥ രീതിയിലുള്ള നടനങ്ങൾ വേറെയുമുണ്ടായിരുന്നു. ചടുലമായ താളങ്ങൾക്കും മധുരമായ സംഗീതത്തിനും അനുസൃതമായി വേദി കീഴടക്കിയവരായിരുന്നു എല്ലാ നർത്തകരും തന്നെ. കാണികളും താളത്തിനും നടനത്തിനുമൊപ്പം കരഘോഷമുയർത്തി ആനന്ദഭരിതരായിപങ്കുചേർന്നു.
നാട്യ ശാസ്ത്രത്തിന് ഒരു നവീന പാന്ഥാവ് തുറക്കുകയായിരുന്നു ലിജോ ടെന്നിസ് രചനയും സംവിധാനവും നിർവഹിച്ച "ദി കമ്മൂണിസ്റ്റ്" എന്ന സിനിമാസ്കോപ്പ് നാടകം. സമകാലീന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഈ നാടകം സ്ടേജിലും സ്ക്രീനിലുമായി ഇതൾ വിരിഞ്ഞപ്പോൾ സദസ്യരെല്ലാം ആകാംഷയോടെ കണ്ടു രസിക്കുകയായിരുന്നു. പങ്കെടുത്ത നടീനടന്മാരെല്ലാം തന്നെ അഭിനയ മുഹൂർത്തങ്ങളെ തങ്ങളുടേതായ രീതിയിൽ അഭിനന്ദനാർഹമാവും വിധം ആവിഷ്കരിച്ചു.
പ്രാണനും മാനവും ഒരു മനുഷ്യൻറെ രണ്ടു കണ്ണുകളാണെന്നും പ്രാണൻ വെടിയേണ്ടി വന്നാലും മാനം സംരക്ഷിക്കപ്പെടണമെന്നുമുള്ള മഹാബലിയുടെ ഉത്കൃഷ്ടമായ ആദർശം എഴുത്തുകാരൻ ജോർജ് വിൽസണ്‍ ഓണ സന്ദേശ ത്തി ലൂടെ സദസ്സിന് വിവരിച്ചു കൊടുത്തു. വെസ്മയുടെ ഉദാത്തമായ ആശയമായ പാഠശാലയെക്കുറിച്ച് ടോൾസ്റ്റോയുടെ ആൽമകഥയെ ഉദ്ധരിച്ച് മാതാപിതാക്കളും അദ്ധ്യാപകരും കുഞ്ഞുങ്ങളോടെങ്ങനെ പെരുമാറണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഓണാഘോഷത്തെ പൊലിപ്പിക്കുവാൻ മിനി വിൻസെൻറ്, നിഖിൽ കൊട്ടാരം, ജിൻസി മോൾ, നിഖിത തമ്പി, അഞ്ജു അനിൽ, അലീന അനിൽ, ലിജോ ഡെന്നിസ്, രാജൻ ചാണ്ടി എന്നിവർ പാടിയ എട്ടു പ്രിയഗാനങ്ങൾ വേദിയിൽ ആലപിക്കപ്പെടുകയുണ്ടായി. ഈ ഗാനങ്ങളിലൂടെ ശ്രോതാക്കളെല്ലാം ആനന്ദസാഗരത്തിൽ ആറാടി എന്നുപറഞ്ഞാൽ അതിൽ ആലങ്കാരികത ഒട്ടും തന്നെയില്ല. അതിൽ അഞ്ജു അനിൽ എന്ന കൊച്ചു മിടുക്കിയുടെ "കിലും കിലുകിലും" എന്ന ഗാനാലാപനം എടുത്തു പറയേണ്ടതായിരുന്നു. കാണികളെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട്, സദസ്യരുടെ ഇടയിലേക്കിറങ്ങി, ലിജോ ടെന്നിസ് അവതരിപ്പിച്ച നാടൻ പാട്ടിന്റെ ശീലുകൾ എല്ലാവരും ഏറ്റുപാടി.
ലളിത പോൾ നയിച്ച ഒപ്പനയും സംഘന്യർത്തവും , മഞ്ജു സുരേഷ് ടീം അവതരിപ്പിച്ച മാർഗംകളി, റിയ റിനോൾട് ടീം അവതരിപിച്ച തിരുവാതിര കളി , ഷീല നായർ അവതരിപ്പിച്ച തീം ഡാൻസ്, സ്മിത ബാലു നയിച്ച സംഘഗാനം, ജോഷില ജോസ് നയിച്ച സിനിമാടിക് ഡാൻസ് എന്നിവയെല്ലാം എല്ലാവരും ആസ്വദിച്ച സാംസ്‌കാരിക പരിപാടികളായിരുന്നു.
വിജയ് കേരളവർമ്മയുടെ മഹാബലി ആർപ്പുവിളികളോടും ആരവത്തോടും ആരതികളോടും കൂടെ അരങ്ങേറി.
വെസ്മയ്ക്കുവേണ്ടി ജോഷില ജോസ് പങ്കെടുത്തവർക്കും സഹായിച്ചവർക്കും എല്ലാ സ്പോൻസർമാർക്കും പ്രത്യേകം പ്രത്യേകം നന്ദിയർപ്പിച്ചു . റാഫിൾ നറുക്കെടുപ്പും സമ്മാനദാനവും കഴിഞ്ഞതോടെ വെസ്മയുടെ 2015 ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.